Kerala
കൊച്ചി: മലബാറില്‍ വേരൂന്നിയ മുസ്ലിം ലീഗിന് മധ്യകേരളത്തിൽ ശക്തമായ അടിത്തറയൊരുക്കാൻ ഓടിനടന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വി.കെ.ഇബ്രാഹിംകുഞ്ഞ്. തട്ടകം കൊച്ചിയാണെങ്കിലും പാണക്കാട് കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം എംഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്കു കടന്നുവന്നത്.
2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും അദ്ദേഹം നിയമസഭയിലെത്തി. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എയും കളമശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി.കെ. ഇബ്രാഹിംകുഞ്ഞിന് സ്വന്തമാണ്. കന്നിയങ്കത്തിൽ മട്ടാഞ്ചേരിയില്‍ നിന്നും പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.
തുടർന്ന് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് ഒഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു വർഷത്തേക്ക് മന്ത്രിയുമായി. 2006ല്‍ ഭൂരിപക്ഷം വർധിപ്പിച്ച് വീണ്ടും നിയമസഭയിലെത്തി. ഇതിനിടെ മണ്ഡല പുനർനിർണയത്തിലൂടെ മട്ടാഞ്ചേരി ഇല്ലാതായി. പിന്നീട് പുതുതായി രൂപീകരിച്ച കളമശേരിയിൽ മത്സരിച്ചു.
അവിടെയും വിജയം ആവർത്തിച്ചു. അങ്ങനെ മട്ടാഞ്ചേരിയുടെ അവസാന എംഎൽഎയും കളമശേരിയുടെ ആദ്യ എംഎൽഎ എന്ന പട്ടം ഇബ്രാഹിംകുഞ്ഞിന്റെ പേരിലായി. 2011 മുതല്‍ 2016വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ച് വിപ്ലവകരമായ പല മാറ്റങ്ങളും വകുപ്പിൽ വരുത്തി.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊതുമരാമത്ത് മാനുവല്‍ പരിഷ്കരണവും നിര്‍മാണ പ്രവര്‍ത്തികള്‍ സുഗമമായി നടത്താനുള്ള ഇ-ടെന്‍ഡറുകളും ഇ പെയ്മെന്റുകളും നടപ്പിലാക്കലുമെല്ലാം ആ കാലഘട്ടത്തിലായിരുന്നു. 400 ദിവസം കൊണ്ട് 100 പാലമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വൻ സ്വീകാര്യത നേടിയിരുന്നു. തുടർന്ന് കേസുകളിൽ പെട്ടതോടെ മത്സരരംഗത്തു നിന്ന് പിൻമാറുകയായിരുന്നു.
Kerala
കോട്ടയം: കോൺഗ്രസിൽ തലമുറമാറ്റം ചർച്ചയാകുന്നതിനിടെ മത്സരരംഗത്തു നിന്ന് മാറാൻ തയാറെന്ന് ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ താൻ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎമാർ പലരും തങ്ങളുടെ സീറ്റ് നിലനിർത്താൻ നെട്ടോട്ടമോടുമ്പോഴാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. 1970 മുതൽ 12 തവണ തുടർച്ചയായി ഉമ്മൻ ചാണ്ടി വിജയിച്ച മണ്ഡലമാണ് പുതുപ്പള്ളി.
Kerala
തൃശൂർ: കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായം. ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു.
പഞ്ചായത്ത് സെക്രട്ടറിക്കും കെപിസിസി നേതൃത്വത്തിനും തിങ്കളാഴ്ച രാജിക്കത്ത് കൈമാറുമെന്ന് കോൺഗ്രസ് വിമതർ അറിയിച്ചു. റോജി എം. ജോൺ എംഎൽഎ നടത്തിയ ചർച്ചയിലൂടെയാണ് സമവായത്തിന് വഴിയൊരുങ്ങിയത്.
നൂര്ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടി.എം.ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എന്നാൽ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി ടെസി ജോസിനെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസിലെ എട്ട് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
Kerala
ആലപ്പുഴ: മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയാണ്. മതതീവ്രവാദിയെന്ന് താൻ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കില്ല. തനിക്ക് ഭയമില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം പിടിക്കാൻ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞ് ലീഗ് നേതാക്കൾ എസ്എൻഡിപിയെ കൂടെക്കൂട്ടം. ഒടുവിൽ ഭരണം കിട്ടിയപ്പോൾ തള്ളിക്കളഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സീറ്റുകൾ ഒന്നും വച്ചുമാറില്ല. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച എല്ലാ സീറ്റിലും ഇത്തവണയും പാർട്ടി മത്സരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിനു കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന നിർബന്ധമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
എംഎൽഎമാരുടെ കാര്യത്തിൽ മൂന്ന് ടേം നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, ചില മണ്ഡലങ്ങളിൽ ചിലരെ മാറ്റേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ ഒരുപാട് യുവതി യുവാക്കൾ നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മികച്ച വിജയത്തിന് ആശംസകൾ അർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ നാഷണൽ കമ്മിറ്റി.
കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒഐസിസി നാഷണൽ വൈസ് ചെയർമാൻ തോമസ് എബ്രഹാം, കേരള ഘടകം ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രഷറർ ഡോ. മാത്യു വർഗീസ്, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ തുടങ്ങി അനേകം നേതാക്കൾ പങ്കെടുത്തു.
താഴെത്തട്ടിൽ മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു യുഡിഎഫ് നേടിയ ഈ വിജയം അടുത്തായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേടുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ തന്നെ സാമ്പത്തികസഹായമടക്കമുള്ള പ്രവർത്തനങ്ങൾ പ്രവാസി കമ്യുണിറ്റികളിൽ ഏകോപിപ്പിക്കുവാൻ തങ്ങൾ മുമ്പന്തിയിലുണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. ലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മുന്നണി വിപുലീകരണം ആവശ്യമാണ്. എൽഡിഎഫിലെ അസംതൃപ്തർ യുഡിഎഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ലെന്നും സാദിക്കലി തങ്ങൾ പറഞ്ഞു.
സീറ്റുകൾ വച്ച് മാറൽ സംബന്ധിച്ചുള്ള ഒരു ചർച്ചയും യുഡിഎഫിൽ നടന്നിട്ടില്ല. പുറത്തുവരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. നിയമസഭയിൽ മത്സരിക്കാൻ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് സ്ഥാനം രാജിവച്ചത്.
പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും കോട്ടാങ്ങൽ പഞ്ചായത്തിൽ യുഡിഎഫ് അംഗമായ കെ.വി. ശ്രീദേവിയുമാണു രാജിവച്ചത്. എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്നും പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നു.
യുഡിഎഫിനും ബിജെപിക്കും അഞ്ചുവീതം അംഗങ്ങളാണ് കോട്ടാങ്ങൽ പഞ്ചായത്തിലുള്ളത്. എസ്ഡിപിഐക്ക് മൂന്നും എല്‍ഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍.
എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, എസ്ഡിപിഐ മൂന്ന്, ബി ജെപി രണ്ട്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് പാങ്ങോട് പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടി അംഗം നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എസ്ഡിപിഐ അംഗങ്ങളുടെ വോട്ടും കിട്ടിയതോടെ പത്തു വോട്ട് എസ്. ഗീതയ്ക്ക് ലഭിച്ചു. എന്നാൽ കെപിസിസി നേതൃത്വം ഇടപെട്ട് എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഗീത രാജിവയ്ക്കുകയായിരുന്നു.
അതേസമയം തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണു കോൺഗ്രസ് അംഗമായ എം.എ. നിധീഷ് പ്രസിഡന്റായത്. ഇയാളോടും രാജിവയ്ക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൽപ്പറ്റ: വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എംപി കലണ്ടർ പുറത്തിറക്കി. എംപി ആയതിനുശേഷം വയനാടിനായി പ്രിയങ്ക നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍.
മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തെ മുഖചിത്രമായി ഉൾപ്പെടുത്തിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന് അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്.
നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ മുഖചിത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലറെ ഒഴിവാക്കി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗൺസിലർ പ്രശോഭിനെ ഒഴിവാക്കിയത്.
കൗൺസിൽ യോഗം ആരംഭിച്ച് 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. .
Kerala
കോഴിക്കോട്: പി.വി.അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി.വി.അൻവർ മാന്യതയോടെ പ്രവർത്തിക്കണം.
അൻവർ അൽപ്പം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല.
അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയിൽ ഉൾപ്പെടുത്താവൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. യുപിയിൽ ക്രിസ്മസിന് സ്കൂളുകൾക്ക് അവധിയില്ല.
അന്നേ ദിവസം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. ഇതു വഴി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കി.
മോദി ഭരണത്തില്‍ രാജ്യം സങ്കുചിത ചിന്താഗതികളിലേക്ക് ചുരുങ്ങി. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് തുടര്ക്കഥയായിമാറിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Kerala
കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനു പിന്നാലെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്. മേയറോ എംഎൽഎയോ എംപിയോ ആകാനല്ല പാർട്ടിയിൽ വന്നത്. സ്ഥാനമാനങ്ങളല്ല പ്രസ്ഥാനമാണ് വലുത്.
വലിയ രാഷ്ട്രീയ പ്രസ്ഥാനമാകുമ്പോൾ തെറ്റുകളുണ്ടാകാം. അതു തിരുത്താൻ തയാറാകണം. മേയർ സ്ഥാനത്തേക്ക് ചിലർക്ക് ലഭിച്ച പിന്തുണയെപ്പറ്റി നേതൃത്വം പറയുന്നത് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം.
അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം. കെപിസിസി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. അതേസമയം ദീപ്തിയെ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുകയാണ്.
Kerala
തിരുവനന്തപുരം: കാമരാജ് കോൺഗ്രസ് യുഡിഎഫിലേക്കില്ലെന്നും എൻഡിഎയിൽ തന്നെ തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ. അസോസിയേറ്റ് ആക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൽ കത്തോ അപേക്ഷയോ നൽകിയിട്ടില്ല.
അത്തരത്തിൽ ഉണ്ടെങ്കിൽ അത് പുറത്തുവിടാനും വിഷ്ണുപുരം ചന്ദ്രശേഖരൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിശദീകരണം.
കേരള കാമരാജ് കോൺഗ്രസ് രേഖാമൂലം അഭ്യർത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് അസോസിയേറ്റ് അംഗമാക്കുന്നതെന്നായിരുന്നു വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇത് തള്ളിക്കൊണ്ട് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തുകയായിരുന്നു.
Kerala
വയനാട്: യുഡിഎഫിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ പ്രതികരണവുമായി സി.കെ.ജാനു. ആദിവാസി വിഭാഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫാണ്. എൻഡിഎയിൽ കടുത്ത അവഗണന നേരിട്ടു.
സീറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു. എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാർഥ്യമാണ്.
എന്നാൽ അതിനു ശേഷം യുഡിഎഫിൽ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങളുടെ ചിന്ത മാറി ആദിവാസികൾക്കനുകൂലമായ നിയമങ്ങൾ മുഴുവൻ ഭേദഗതി ചെയ്തത് എൽഡിഎഫാണ്.
കഴിഞ്ഞ ഒമ്പതു വർഷമായി സംസ്ഥാനത്ത് തുടരുന്നത് ജനവിരുദ്ധ സമീപനമാണ്. ജനങ്ങൾക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങൾക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിർത്തിയാൽ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി.കെ.ജാനു പരിഹസിച്ചു.
District News
കോട്ടയം: കേവലഭൂരിപക്ഷം കിട്ടിയിട്ടും എരുമേലി പഞ്ചായത്ത് ഭരിക്കാന്‍ യുഡിഎഫിന് വരയില്ല. സംവരണ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്താന്‍ യുഡിഎഫില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാരും വിജയിച്ചില്ല. എരുമേലി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിനു പാളിച്ച പറ്റിയെന്ന വിമര്‍ശനത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു ഗതികേട്. 23 വാര്‍ഡുകളില്‍ 14 സീറ്റുകളാണ് യുഡിഎഫിനുള്ളത്.
തോല്ക്കാന് മാത്രമായി മൂന്നു വാര്‍ഡുകളില്‍ ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ഥികളെ ഇറക്കിയെന്നും 18 സീറ്റില്‍ വിജയം ഉറപ്പായിരുന്നുവെന്നുമാണു വിമര്‍ശനം. വിജയം ഉറപ്പുള്ള വാര്‍ഡില്‍ പട്ടിക വര്ഗവിഭാഗത്തെ വിജയിപ്പിക്കാനാകാതെ വന്നതിലും നേതൃത്വത്തിന് വീഴ്ച പറ്റി. 26ന് രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചാല്‍ അന്ന് നടക്കില്ല. അടുത്ത ദിവസവും യുഡിഎഫ് വിട്ടുനിന്നാല്‍ ചട്ടപ്രകാരം വരണാധികാരിക്ക് പങ്കെടുക്കുന്നവരെ വച്ച് തെരഞ്ഞെടുപ്പ് നടത്താം. സ്വാഭാവികമായി എല്‍ഡിഎഫില്‍ ശ്രീനിപുരത്ത് വിജയിച്ച അമ്പിളി സജീവന് (സിപിഎം) പ്രസിഡന്റാകും.
26ന് രാവിലെ തെരഞ്ഞെടുപ്പ് ഹാളിലെത്തി ഒപ്പുവച്ചശേഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം. ഒപ്പുവയ്ക്കുന്ന സാഹചര്യത്തില്‍ വരണാധികാരിക്ക് തെരഞ്ഞെടുപ്പ് നടത്താം. ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പങ്കെടുക്കും. വൈസ്പ്രസിഡന്റ് സ്ഥാനം ജനറലായതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും.
യുഡിഎഫിന് മുന്‍തൂക്കമുള്ള കനകപ്പലം വാര്‍ഡില്‍ വിജയിച്ച അംഗത്തെ രാജിവയ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ പട്ടിക വര്‍ഗ അംഗത്തെ വിജയിപ്പിച്ച് ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം. അങ്ങനെയെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസ്-11, മുസ്ലിം ലീഗ്-2, ആര്‍എസ്പി-1 എന്നതാണ് യുഡിഎഫിലെ കക്ഷിനില. സിപിഎം 5 (ഒരാള്‍ സ്വതന്ത്രന്), സിപിഐ-2 എന്നാണ് എല്‍ഡിഎഫിലെ കക്ഷിനില. ബിജെപിക്ക്-2 അംഗങ്ങളുണ്ട്. ഉമിക്കുപ്പയില്നിന്നുള്ള കെ.കെ. രാജനാണ് ബിജെപിയിലെ പട്ടികവര്‍ഗ വിജയി. മൂക്കംപെട്ടി വാര്‍ഡില്‍ സിപിഎമ്മിനും ബിജെപിക്കും തുല്യവോട്ടുവന്ന് നറുക്കെടുപ്പിലാണ് ബിജെപി ജയിച്ചത്. ഇരുമ്പൂന്നിക്കര ജനറല്‍ വാര്ഡായിരുന്നിട്ടും അവിടെ പട്ടികവര്‍ഗ വിഭാഗം സ്ഥാനാര്‍ഥിയെ യുഡിഎഫ് മത്സരിപ്പിച്ചിട്ടും വിജയിക്കാനാവാതെ വന്നതും തിരിച്ചടിയായി.
എരുമേലി എന്നും യുഡിഎഫിന് കീറാമുട്ടിയാണ്. കഴിഞ്ഞ ഭരണത്തില്‍ ഭൂരിപക്ഷമുണ്ടായിട്ടും രണ്ടുഘട്ടങ്ങളില്‍ ഭരണം വഴുതിപ്പോയി.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ വോട്ടെണ്ണലില്‍ പിഴവ് സംഭവിച്ചതായി പരാതി. ഇതു സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോളി മടുക്കക്കുഴി നൽകിയ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 -ാം വാർഡിലെ ഒന്നാം ബൂത്തിലെ വോട്ട് വീണ്ടും എണ്ണി.
ഇതോടെ ജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. പോളിംഗ് സമയത്ത് ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായിരുന്നു. തുടർന്ന് മറ്റൊരു മെഷീൻ ഉപയോഗിച്ചാണ് വോട്ടിംഗ് പൂർത്തീകരിച്ചത്. എന്നാൽ കൗണ്ടിംഗ് സമയത്ത് ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്.
ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 22 വോട്ടുമാണ് ലഭിച്ചത്. എന്നാൽ ചൊവ്വാഴ്ച രണ്ടാമത്തെ മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 47 വോട്ടുകളും ലഭിച്ചു.
ഇതോടെ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച 295 വോട്ടിന്റെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. ഇതുപോലെ വെള്ളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി ജില്ലാ കളക്ടർക്ക് പരാതി നൽകി.
Kerala
തിരുവനന്തപുരം: സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കും.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട പഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കും. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
അതേസമയം തിരുവനന്തപുരം വിഴിഞ്ഞം വാർഡിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പായി. കോർപറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ ജയം അനിവാര്യമാണ്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി ജയിച്ചിരിക്കുന്നത്.
ഇടതുപക്ഷം 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ യുഡിഎഫ് നിലമെച്ചപ്പെടുത്തി 19 സീറ്റിൽ വിജയിച്ചു. വിഴിഞ്ഞത്ത് മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ ഇതിനകം പ്രചാരണം സജീവമാക്കി.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ യുഡിഎഫ് വിപുലീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ഇടതുപക്ഷത്തെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതൃപ്തരായ നിരവധി പേർ എൽഡിഎഫിലുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തും.
തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി ഓരോ കാർഡ് ഇറക്കി കളിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ കാർഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് ഇറക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ അടിത്തറ വിപുലീകരിക്കാൻ നീക്കവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങൾ ചേരാനാണ് ആലോചന.
മിഷൻ 2025 എന്ന പേരിൽ കോൺഗ്രസ് ലക്ഷ്യമിട്ട് നടപ്പാക്കിയ സംഘടനാപരമായ കാര്യങ്ങൾ ഒരുപരിധിവരെ വിജയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവിധ വിഭാഗങ്ങളെ യുഡിഎഫിനോട് അടുപ്പിക്കുകയെന്ന ലക്ഷ്യം വലിയൊരളവിൽ നേടാനായെന്നും വിലയിരുത്തലുണ്ട്.
സർക്കാരിനെതിരേയുള്ള വികാരം യുഡിഎഫ് അനുകൂല വോട്ടായി മാറിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പിന്തുണ നിലനിർത്താനുള്ള തന്ത്രങ്ങളും പാർട്ടി ആലോചിക്കുന്നുണ്ട്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാവ് എം. സ്വരാജ്. ജനങ്ങളിൽ നിന്നും പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം അർഹിച്ചിരുന്നുവെന്നും സ്വരാജ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല.
ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്. എന്നാൽ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരു തെരഞ്ഞെടുപ്പിൽ മുഖ്യപരിഗണനാ വിഷയമായില്ല എന്ന് കരുതി അതൊന്നും ഉപേക്ഷിക്കാനാവില്ലെന്നും സ്വരാജ് പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാരില്‍ നിന്നും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സണ്ണി ജോസഫിന്റെ ആവശ്യം.
ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സിപിഎം നേതാക്കള്‍ ജനവിധിയെ മാനിക്കുന്നവരോ, അതില്‍ നിന്ന് പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർഥിയെയും ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം.
കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ എന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലേറ്റി നടക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്റെ ഫലമെന്നും സുധാകരന് പറഞ്ഞു.
ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. ഒമ്പത് വര്‍ഷമായി പിണറായി വിജയന് സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന് പറഞ്ഞു.
Kerala
മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കത്തിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്.
ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്റെ സ്കൂട്ടറിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്.
പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തൃശൂർ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു തന്റെ മരണത്തിനു തുല്യമായിരുന്നെന്നും ഇപ്പോഴത്തെ വിജയം പൊതുപ്രവർത്തനരംഗത്തെ രണ്ടാം ജന്മമാണെന്നും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര.
തദ്ദേശ തെരഞ്ഞെടുപ്പിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാംവാർഡായ സംസ്കൃതം കോളജിൽനിന്ന് മത്സരിച്ച് 319 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അനിൽ വിജയം സ്വന്തമാക്കിയത്.
മുന്‍പ് അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവസന്പത്തുള്ള അനിൽ അക്കരയെ പഞ്ചായത്തിൽ പോരാട്ടത്തിനു കോണ്‍ഗ്രസ് രംഗത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിൽ അക്കരയ്ക്ക് 655 വോട്ടും സിപിഎമ്മിന്റെ കെ.ബി. തിലകന് 336 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന വാർഡിൽ ഇത്തവണ ബിജെപി സ്ഥാനാർഥി ഹരീഷിന് 108 വോട്ടുകൾമാത്രമേ ലഭിച്ചുള്ളൂ.
Kerala
കല്‍പ്പറ്റ: യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാനും അവരുടെ ശബ്ദങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സത്യസന്ധവും കാരുണ്യപൂർണവും ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാൾ കൂടുതലാണ്. തങ്ങളുടെ പോരാട്ടങ്ങൾ മനസിലാക്കുകയും ആത്മാർഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് എൻഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ.
എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം. കോൺഗ്രസ് എംപിയാണെന്ന് തരൂർ മറക്കുന്നു. തരൂർ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും കുര്യൻ വിമർശിച്ചു.
ലക്ഷ്മണരേഖയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇന്റേണൽ ഡെമോക്രസിക്കു വേണ്ടി വിമർശനം നടത്തിയാൽ താനതിന് എതിരല്ല. ഞാനങ്ങനെ നടത്താറുണ്ട്. പക്ഷേ ശശി തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നു.
കോണ്‍ഗ്രസ് എംപി ആയതുകൊണ്ട് ആണ് ബിജെപി തരൂരിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം മറക്കുന്നുവെന്നും കുര്യൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് ശശി തരൂർ എംപി. നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി താനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം
എൽഡിഎഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യുഡിഎഫിന്റെയും ബിജെപിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്താകെയുള്ള യുഡിഎഫിന്റെ മികച്ച വിജയത്തെയും ശശി തരൂർ അഭിനന്ദിച്ചു.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തിയാക്കുവാൻ നമ്മുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.
നഗരത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണം കാഴ്ചവയ്ക്കുന്നതിനും വികസിതകേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവർ എൻഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. എൽഎഡിഎഫ് തകർന്നടിഞ്ഞപ്പോൾ എൻഡിഎ നില മെച്ചപ്പെടുത്തി. ആറു കോർപറേഷനുകളിൽ യുഡിഎഫ് നാലെണ്ണം നേടിയപ്പോൾ എൽഡിഎഫും ബിജെപിയും ഒന്ന് വീതം നേടി.
തിരുവനന്തപുരം കോർപറേഷൻ ബിജെപി 50 സീറ്റിൽ വിജയം ഉറപ്പിച്ചു. എൽഡിഎഫ് 29 സീറ്റിലും യുഡിഎഫ് 19 സീറ്റിലും രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവരുടെ തീരുമാനം നിർണായകമാണ്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
കൊല്ലം കോർപറേഷനിൽ യുഡിഎഫ് 27 സീറ്റിലും എൽഡിഎഫ് 16 സീറ്റിലും എൻഡിഎ 12 സീറ്റിലും ഒരു സ്വതന്ത്രനും വിജയിച്ചു. കൊച്ചിയിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. യുഡിഎഫ് 47 സീറ്റിലും എൽഡിഎഫ് 22 എൻഡിഎ ആറു സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലും വിജയിച്ചു.
തൃശൂരിൽ യുഡിഎഫ് 33 സീറ്റിലും എൽഡിഎഫ് പതിനൊന്ന് സീറ്റിലും എൻഡിഎ എട്ടു സീറ്റിലും വിജയിച്ചു. കോഴിക്കോട്ട് എൽഡിഎഫ് 34 സീറ്റിലും യുഡിഎഫ് 26, എൻഡിഎ 13 സീറ്റിലും, സ്വതന്ത്രൻ മൂന്ന് സീറ്റിലും വിജയിച്ചു. കണ്ണൂരിൽ 36 സീറ്റോടെ യുഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ് പതിനഞ്ച് സീറ്റിലും എൻഡിഎ നാലു സീറ്റിലും വിജയിച്ചു.
17337 ഗ്രാമ പഞ്ചായത്ത് സീറ്റിൽ യുഡിഎഫ് 6984 സീറ്റിൽ വിജയിച്ചു. എൽഡിഎഫ് 5785 സീറ്റിലും എൻഡിഎ 1309 സീറ്റിലും സ്വതന്ത്രർ 1164 സീറ്റിലും വിജയിച്ചു. 2267 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് 958, എൽഡിഎഫ് 759, എൻഡിഎ 50, സ്വതന്ത്രർ നാൽപ്പത് സീറ്റിലും വിജയിച്ചു.
3240 മുനിസിപ്പാലിറ്റി സീറ്റുകളിൽ 1458 യുഡിഎഫും 1100 എൽഡിഎഫും എൻഡിഎ 324, സ്വതന്ത്രർ 323 സീറ്റിലും വിജയിച്ചു. 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് 196, എൽഡിഎഫ് 148, ഒരു സ്വതന്ത്രനും വിജയിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ എൽഡിഎഫും ബിജെപിയും ഏഴു വീതം ജയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ്, കണ്ണൂർ ജില്ലകൾ എൽഡിഎഫ് നിലനിർത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി , എറണാകുളം, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലാ പഞ്ചായത്തുകൾ യുഡിഎഫ് വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കുത്തക ഡിവിഷനുകളിൽ എൽഡിഎഫിനും യുഡിഎഫിനും കാലിടറി. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കുമരകത്ത് യുഡിഎഫിലെ പി.കെ വൈശാഖ് അട്ടിമറി വിജയം നേടി. എൽഡിഎഫിലെ എസ്. അംഗരീസിനെ 1654 വോട്ടുകൾക്കാണ് വൈശാഖ് തറപറ്റിച്ചത്.
വാശിയേറിയ പോരാട്ടം നടന്ന അതിരമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി ജിം അലക്സ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിലിനെയാണ് ജിം പരാജയപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞാണ് ജിം കേരള കോൺഗ്രസ് എമ്മിൽ ചേർന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ജിം അലക്സ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് മികച്ച വിജയം നേടാനായെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. ഇത്തവണ എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്.
എന്നാൽ യുഡിഎഫിൽ നിന്ന് ഈ വിഭാഗത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർഥികളും പരാജയപ്പെട്ടതാണ് അവർക്ക് തിരിച്ചടിയായത്. ഇതോടെ ബിജെപി, എൽഡിഎഫ് സ്ഥാനാർഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡന്റാകും.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 14, എൽഡിഎഫ് ഏഴ്, ബിജെപി രണ്ട്, ഒരു സ്വതന്ത്രനും വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിൽ യുഡിഎഫിന് മികച്ച വിജയം. യുഡിഎഫ് 32 സീറ്റിലും എൽഡിഎഫ് 15 സീറ്റിലും എൻഡിഎ ആറു സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.
സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ബിൻസി സെബാസ്റ്റ്യന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 22 സീറ്റിൽ വിജയിച്ച എൽഡിഎഫ് 15 ലേക്കും എട്ടു സീറ്റുകളിൽ വിജയിച്ചിരുന്ന ബിജെപി ആറിലേക്കും ചുരുങ്ങി.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവരുടെ ചിട്ടയായ പ്രവർത്തനമാണ് കോട്ടയം നഗരസഭയിൽ യുഡിഎഫിനെ തുണച്ചത്. കേരളാ കോൺഗ്രസിലൂടെ നഗരസഭാ ഭരണം പിടിക്കാമെന്ന എൽഡിഎഫിന്റെ മോഹമാണ് പൊലിഞ്ഞത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ തോൽവിയിൽ പ്രതികരിച്ച് കോരളാ കോൺഗ്രസ് -എം നേതാവ് ജോസ് കെ. മാണി. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. വീഴ്ച പരിശോധിക്കും.
വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. തോൽവി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
അതേ സമയം ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫ് തോറ്റത് അവർക്ക് കനത്ത തിരിച്ചടിയായി. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡിലാണ് അവർക്ക് കാലിടറിയത്.
Kerala
പാലാ: മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥിക്ക് ജയം. എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി. ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ മിനിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് -എം നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യുഡിഎഫിന് മുന്നേറ്റം. ആറു സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ അഞ്ചു സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയും വിജയിച്ചു. കഴിഞ്ഞ തവണ എസ്ഡിപിഐ വിജയിച്ച മൂന്ന് സീറ്റിലും അവർ പരാജയപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും 13 സീറ്റ് വീതമാണ് വിജയിച്ചത്. എസ്ഡിപിഐ സീറ്റിൽ വിജയിച്ച മൂന്ന് പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ എൽഡിഎഫിനായിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലമാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മൂന്ന്, യുഡിഎഫ് മൂന്ന്, എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
സ്ഥാനാർഥിത്വത്തിൽ വിവാദമുണ്ടായ മുട്ടടയിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് പിന്നിൽ നിൽക്കുകയാണ്. കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഏഴു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. 8.20 മുതല്‍ ഫലം എത്തിത്തുടങ്ങുമെങ്കിലും പൂർണഫലം ഉച്ചയോടെ ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 73.56 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം ഘട്ടത്തിൽ 76.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് അവസാന മണിക്കൂറിലേക്ക് കടന്നപ്പോൾ ബൂത്തുകളിൽ നീണ്ടനിര. ഉച്ചയ്ക്ക് മൂന്നരവരെയുള്ള കണക്കനുസരിച്ച് 68.28 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഡിയൻ ഗവ.എൽപി സ്കൂളിലെ പോളിംഗ് ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.
കണ്ണൂർ കതിരൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തു. പാനൂർ ബ്ലോക്ക് പുല്ലാട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി കെ.ലതികയ്ക്കുനേരെയാണ് ബൂത്തിനകത്ത് വച്ച് ആക്രമണമുണ്ടായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽപി സ്കൂളിലെ ബൂത്തിൽ വച്ചായിരുന്നു സംഭവം.
ബൂത്തിനകത്തെത്തിയ ചിലർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റ് പിടിച്ചു വാങ്ങുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ലതികയെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒമ്പതരെ വരെയുള്ള കണക്ക് പ്രകാരം 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ (16.61%), പാലക്കാട് (17.06), മലപ്പുറം (17.38), കോഴിക്കോട് (16.85), വയനാട് (16.67), കണ്ണൂർ (16.15), കാസർഗോഡ് (16.24) ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് പുരോഗമിക്കുമ്പോഴും പലയിടത്തും വോട്ടിംഗ് മെഷീൻ തകരാറിലായി.
പാലക്കാട് നെല്ലായ പട്ടിശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് അര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിംഗ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസപ്പെട്ടു.
തളിപ്പറമ്പിൽ വിവിധ ഭാഗങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കാഞ്ഞിരങ്ങാട്, മാവിച്ചേരി എന്നിവിടങ്ങളിൽ ഒരു മണിക്കൂറോളം താമസിച്ചാണ് പോളിംഗ് തുടങ്ങിയത്. കാസർഗോഡ് നഗരസഭ ഹൊന്നമൂല (വാർഡ് 24) യന്ത്രം പണിമുടക്കി.
പുതിയ മെഷിൻ വച്ച് 8.35നാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്. ഏതാനും വോട്ടുകൾ ചെയ്ത ശേഷമായിരുന്നു തകരാർ. ഉദുമ പഞ്ചായത്ത് അംബികാ നഗർ സ്കൂളിലെ ബൂത്തിൽ യന്ത്രം മുടക്കിയതിനാൽ 8.46 നു വോട്ടു പുനരാരംഭിച്ചു. 6.30 മുതൽ വോട്ടർമാർ ക്യൂവിൽ ഉണ്ടായിരുന്നു.
National
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനായിരുന്നു. ശനിയാഴ്ചയാണ് ഇരുഘട്ടങ്ങളുടെയും ഫലപ്രഖ്യാപനം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും മുരളീധരൻ ആരോപിച്ചു.
മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തി നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കാമറ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ ഏഴിന് കാമറ സ്ഥാപിച്ചില്ല. എട്ടിനാണ് കാമറ സ്ഥാപിച്ചതെന്നും മുരളീധരൻ പറഞ്ഞു.
ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ സീറ്റ് നൽകിയത് കോൺഗ്രസാണ്. സിപിഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.
എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. സംസ്ഥാനത്ത് ഭരണമാറ്റത്തിന് വേണ്ടിയുള്ള ശക്തമായ വികാരമുണ്ട്.
എൽഡിഎഫ് ഭരണം കൊണ്ട് ജനം മടുത്തെന്നും എ.കെ.ആന്റണി പറഞ്ഞു. തിരുവനന്തപുരം ജഗതി ഗവ. എച്ച്എസ്എസിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ യുഡിഎഫ് കൺവീനർ എം.എം.ഹസനൊപ്പമെത്തിയാണ് ആന്റണി വോട്ട് ചെയ്തത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടിംഗ് ശതമാനം കുറയാന്‍ പോകുകയാണ്. ബിജെപി ക്ഷീണിച്ചുകൊണ്ടിരിക്കുകയാണ്. ഭരണമാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന ഏകമുന്നണി യുഡിഎഫാണെന്നും ആന്റണി പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് ആലപ്പുഴയിലും (21.82%) കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (18.93%) രേഖപ്പെടുത്തിയത്.
കൊല്ലം (20.73%), പത്തനംതിട്ട (20.04%), കോട്ടയം (20.55%), ഇടുക്കി (19.09%), എറണാകുളം (21.07%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്തു കള്ളവോട്ട് ചെയ്തെന്ന് ആരോപണം ഉയർന്നു.
മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്ന് എൽഡിഎഫ് വ്യക്തമാക്കി. ഇടുക്കി മറയൂർ പഞ്ചായത്തിൽ 10-ാം വാർഡ് (മാശി വയൽ) ബ്ലോക്ക് സ്ഥാനാർഥികളുടെ ബാലറ്റ് യൂണിറ്റ് മാറി പോയി.
പകരം യൂണിറ്റ് സ്ഥാപിച്ചാണ് ഇവിടെ വോട്ടിംഗ് പുരോഗമിക്കുന്നത്. കോട്ടയം പായിപ്പാട് കുഴഞ്ഞു വീണ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി. വാകത്താനത്തും ഒരു പോളിംഗ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.
Kerala
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്.
അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്. പൊതു രാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണക്കൊള്ള ചർച്ചയാകും. ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
Kerala
പത്തനംതിട്ട: നടിയുമായി ബന്ധപ്പെട്ട കേസില്‍ നടന് ദിലീപിന് നീതി കിട്ടിയതായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്നു രാവിലെ അടൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്. നടിക്കൊപ്പമാണ് ഞങ്ങള്‍ എല്ലാവരുമെന്നു പറയാമെങ്കിലും നീതി എല്ലാവര്ക്കും വേണം.
ദിലീപിനെ വ്യക്തിപരമായ അറിയാം. അദ്ദേഹത്തിനു കോടതിയില്‍ നിന്ന് നീതി കിട്ടിയെന്നതു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കേസിനെ സംബന്ധിച്ചു ദിലീപ് ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്.
ഏതു കേസും കെട്ടിച്ചമച്ച് ആരെയും ഉപദ്രവിക്കാന്‍ കാത്തിരിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു മറ്റു ജോലിയൊന്നുമില്ലല്ലോ. എന്തു കേസും കെട്ടിച്ചമച്ച് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. നടിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ അപ്പീലിനു പോകുമല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ആരെ ഉപദ്രവിക്കാനാകുമോയെന്നതു സര്‍ക്കാര്‍ നോക്കിയിരിക്കുന്ന കാര്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
101 ശതമാനം പ്രതീക്ഷയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കണ്‍വീനര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് മുന്നോട്ടു പോയത്. ശബരിമലയിലെ തീവെട്ടിക്കൊള്ള ചര്‍ച്ച ചെയ്യപ്പെടാതെ പ്രചാരണം മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യുഡിഎഫ് മുന്നോട്ടുവച്ച വിഷയം വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ അത് എത്രമാത്രം പ്രതിഫലിച്ചുവെന്ന് തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എട്ടുശതമാനവും ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഏഴു ശതമാനവും എറണാകുളത്ത് 8.5 ശതമാനവും വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.
ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം കോര്‍പറേഷനിൽ ബിജെപി വിജയ തിലകമണിയും. വിശ്വാസികൾ ഈ തെരെഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും വോട്ട് ചെയ്തശേഷം സുരേഷ് ഗോപി പറഞ്ഞു.
വികസനം പറഞ്ഞാണ് ബിജെപി വോട്ട് തേടിയത്. അടിസ്ഥാനപരമായ വികസനമാണ് എൻഡിഎയുടെ ലക്ഷ്യം. ബിജെപി ആത്മവിശ്വാസത്തിലാണ്. നടിയെ ആക്രമിച്ച കേസിൽ വിധി വരട്ടെയെന്നും കോടതി വിധി എല്ലാവര്ക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതിരാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലാണ് സുരേഷ് ഗോപിക്ക് വോട്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഉടൻ ഡല്‍ഹിക്ക് പോകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകൾ ചൊവ്വാഴ്ച വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആറു കഴിഞ്ഞും പോളിംഗ് പൂർത്തിയായില്ലെങ്കിൽ വരി നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തും. അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ തദ്ദേശതെരഞ്ഞെടുപ്പിനെ കാണുന്നത്.
വോട്ടെടുപ്പിനുശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റും. വിതരണ കേന്ദ്രങ്ങൾ തന്നെയാണ് സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്.
ശനിയാഴ്ചയാണ് വോട്ടെണ്ണൽ. രണ്ടാംഘട്ട പോളിംഗ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച വൈകുന്നേരം അറിന് സമാപനം കുറിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഞായറാഴ്ച പരസ്യ പ്രചാരണം സമാപിക്കുന്നത്.
ഈ ഏഴു ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ഇവിടങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒന്നാംഘട്ടത്തിൽ 1,32,83739 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
ഏഴു ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടം ജനവിധി തേടുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒമ്പതിന് വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. 11നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. 13നു ഫലം അറിയാനാകും.
സംസ്ഥാനത്താകെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് റിപ്പോർട്ട്. സാധാരണ ബൂത്തുകളിൽ വോട്ടെടുപ്പുദിവസം ഒരു പോലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കുകയാണെങ്കിൽ പ്രശ്ന ബാധിത ബൂത്തുകളിൽ ഇന്റലിജൻസ് വിഭാഗങ്ങളുടെ പ്രശ്ന സാധ്യത എത്രത്തോളമുണ്ടാകാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വിന്യാസം.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ഇരുമുന്നണികൾക്കും വിമത ഭീഷണി. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമതഭീഷണി.
സിപിഎം പ്രാദേശിക നേതാക്കളാണ് എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം അവസാനനിമിഷം വരെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎക്കെതിരേ ആരോപണം ഉന്നയിച്ചാണ് ഉള്ളൂരിൽ മുൻ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായ കെ. ശ്രീകണ്ഠനും ചെമ്പഴന്തിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും മത്സരരംഗത്തുണ്ട്.
വാഴോട്ടുകോണം വാർഡിൽ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി അംഗം കെ.വി. മോഹനനും കാച്ചാണിയിൽ നെട്ടയം സതീഷും വിഴിഞ്ഞത്ത് എൻ.എ.റഷീദുമാണ് രംഗത്തുള്ളത്.
യുഡിഎഫിനും കോർപറേഷനിൽ നാലിടത്താണ് വിമത ശല്യമുള്ളത്. പൗണ്ട് കടവിൽ സുധീഷ് കുമാർ, പുഞ്ചക്കരിയിൽ മുൻ കൗൺസിലർ കൃഷ്ണവേണി, കഴക്കൂട്ടത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി. ലാലു, വിഴിഞ്ഞത്ത് യൂത്ത് കോൺഗ്രസ് നേതാവ് സിസൈൻ ഹുസൈൻ എന്നിവരാണ് പത്രിക നൽകിയത്.
പൗണ്ടുകടവിൽ ലീഗും പുഞ്ചക്കരിയിൽ ആർഎസ്പിയുമാണ് മത്സരിക്കുന്നത്. ഇതിനു പുറമേ സീറ്റു തർക്കത്തെ തുടർന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അഞ്ച് സീറ്റിൽ മത്സരിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതിനു പിന്നാലെ മത്സരരംഗത്തുള്ളവരുടെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 50709 പുരുഷന്മാരും 56501 പേര് സ്ത്രീകളുമുൾപ്പടെ 107210 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
2479 നാമനിര്‍ദേ പത്രികകള്‍ തള്ളിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കാസര്‍ഗോഡ് 4363, കണ്ണൂര്‍ 8140, വയനാട് 3164, കോഴിക്കോട് 9998, മലപ്പുറം13362, പാലക്കാട് 10162, തൃശൂര്‍ 10998, എറണാകുളം 9545, ഇടുക്കി 4093, കോട്ടയം 6218, ആലപ്പുഴ 7193, പത്തനംതിട്ട 4219, കൊല്ലം 7168, തിരുവനന്തപുരം 8587 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.
തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ഇതിനു ശേഷമാകും തദ്ദേശപ്പോരിന്റെ അന്തിമചിത്രം തെളിയുക. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനുശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.
സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ലെന്നാണ് സിപിഎമ്മിന്റെ സമീപനം.
സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിർദ്ദേശപത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമിക്കുകയാണ്. സിപിഎമ്മിന്റേത് വിചിത്രമായ നടപടികളെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. ഒപ്പ് സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസർ എതിർക്കുന്നു.
സിപിഎം ഫാസിസ്റ്റ് പാർട്ടിയായി മാറുകയാണെന്നും സതീശൻ ആരോപിച്ചു. നീതിപൂർവമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഎം തടയുന്നു. എന്ത് തോന്നിവാസവും കാണിക്കാം എന്നതാണ് ധാരണ. എന്തൊക്കെ കാണിച്ചാലും സിപിഎം തെരഞ്ഞെടുപ്പിൽ ജയിക്കില്ല.
നാമ നിർദ്ദേശപത്രികകൾ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി. ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകളായ അരുണിമയുടെയും അമയയുടെയും നാമനിർദേശ പത്രിക അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ട്രാന്‍സ് വുമണ്‍ അമയ പ്രസാദ് വനിതാ സംവരണ സീറ്റിലാണ് ജനവിധി തേടുക.
രേഖകള്‍ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്. അമയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്സ്ജെന്ററെന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. ട്രാന്സ്ജെന്ററെന്ന് രേഖപ്പെടുത്തിയതിനെതിരെ അമയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ അമയയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി.
നേരത്തെ ആലപ്പുഴയിലെ വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ച ട്രാൻസ്ജെൻഡർ സ്ഥാനാർഥി അരുണിമയുടെ സ്ഥാനാർഥിത്വത്തിലും പ്രതിസന്ധിയുണ്ടായിരുന്നു. വനിതാ സംവരണ സീറ്റിൽ ട്രാൻസ്ജെൻഡർ മത്സരിക്കുന്നത് സംബന്ധിച്ചായിരുന്നു പ്രതിസന്ധിയുണ്ടായത്.
പിന്നീട് സൂഷ്മ പരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം. കുറുപ്പ്.
Kerala
കണ്ണൂർ: ആന്തൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.
ഇവിടെ സ്ഥാനാർഥികളായി നിശ്ചയിച്ചവരെ സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയി. അതിനാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയാതെ പോയത്. ജില്ലാ കളക്ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
അതേസമയം നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ കണ്ണൂരിൽ ഒമ്പതു വാർഡുകളിൽ എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം പഞ്ചായത്തിലെ 12-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നൽകിയ പത്രിക തള്ളി.
പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. കണ്ണപുരം പഞ്ചായത്തിലെ മൂന്ന്, പത്ത് വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളും തള്ളി.
Kerala
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി എൽസി ജോർജിന്റെ പത്രിക തള്ളി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എൽസി.
എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം. ഇവിടെ കോൺഗ്രസിന് ഡമ്മി സ്ഥാനാർഥിയും ഉണ്ടായിരുന്നില്ല.
ഇതോടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാകും. തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സിപിഎം സ്ഥാനാർഥി കെ.കെ.സന്തോഷിന്റെ പത്രികയും തള്ളി. സത്യപ്രസ്താവന ഒപ്പിടാത്തതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഇവിടെ ഡമ്മിയായി പത്രിക നൽകിയ പ്രസാദ് ഔദ്യോഗിക സ്ഥാനാർഥിയാകും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മത്സര രംഗത്തുള്ളത് 108580 സ്ഥാനാർഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറം ജില്ലയിലാണ്. 13595 പേരാണ് ഇവിടെ പത്രിക നൽകിയത്.
പാലക്കാട് ജില്ലയിൽ 10372, തൃശൂരിൽ 11079, എറണാകുളം ജില്ലയിൽ 10092 പേരും മത്സര രംഗത്തുണ്ട്. കാസർഗോഡ് 4374, കണ്ണൂർ 8238, വയനാട് 3180, കോഴിക്കോട് 9977, ഇടുക്കി 4257, കോട്ടയം 6276, ആലപ്പുഴ 7210, പത്തനംതിട്ട 4164, കൊല്ലം 7141, തിരുവനന്തപുരം 8625 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാനാർഥികളുടെ എണ്ണം.
സംസ്ഥാനത്താകെ 164427 നാമനിർദേശ പത്രികകളാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ. തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി.കെ. ശ്രീകണ്ഠൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്നും പുറത്താക്കിയിട്ടില്ല. സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ ഔദോഗിക പാർട്ടി ചർച്ചകളിൽ പങ്കെടുക്കാറില്ല. യുഡിഎഫ് സ്ഥാനാർഥികൾക്കായി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്നും ശ്രീകണ്ഠൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വേദിയിൽ എത്തിയത് വിവാദമായിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലെത്തിയത്.